സംസ്ഥാനത്തെ 33 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകൾ നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ സിപിഐഎം പിടിച്ചെടുത്തു. എൽഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ് ഡി പി ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇതായിരുന്നു സ്ഥിതി. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഉണ്ടാക്കിയത് യുഡിഎഫാണ്. 11 സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് എൽഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്.
കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ ഇടതിൽ നിന്ന് പിടിച്ചു. ഇടത് മുന്നണിയുടെ 10 സീറ്റുകളിൽ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മലപ്പുറം ഒഴൂർ പതിനാറാം വാർഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡിൽ ഇടതു സ്ഥാനാർത്ഥി ഒരു വോട്ടിനാണ് വിജയിച്ചത്.
അതേസമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡിൽ സിറ്റിംഗ് സീറ്റിൽ സിപിഐഎം, ബിജെപിയോട് തോറ്റു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് , കായംകുളം നഗരസഭ 32 ആം വാർഡ് , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവയാണ് ബിജെപി നിലനിർത്തിയത്.ഇടുക്കി കരിങ്കുന്നം ഏഴാം വാർഡ് വിജയിച്ച ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിച്ചു.