അബുദബിയില്‍ ഫെബ്രുവരി പതിനാലിന് തുറക്കുന്ന ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാന്‍ രാജ്യത്തിന് പുറത്ത് നിന്നും ആയിരങ്ങള്‍ എത്തുമെന്ന് ബാപ്‌സ് സ്വാമി നാരായണ്‍ സന്‍സ്ത. ക്ഷേത്രസന്ദര്‍ശനത്തിനായി യുഎഇയ്ക്ക് പുറത്ത് നിന്നും വന്‍ ഡിമാന്‍ഡ് ആണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ യുഎഇയില്‍ ഉള്ളവര്‍ മാര്‍ച്ച് ഒന്നിന് ശേഷം ക്ഷേത്ര ദര്‍ശനത്തിന് നടത്തണം എന്നാണ് ബാപ്‌സിന്റെ അഭ്യര്‍ത്ഥന
മധ്യപൂര്‍വ്വദേശത്തെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെടും എന്ന് ചുമതലക്കാരായ ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്ത നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷേത്രസന്ദര്‍ശനത്തിന് ബാപ്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നും വലിയ പ്രതികരണം ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ദൃശ്യമായത്. യുഎഇയില്‍ നിന്ന് എന്ന പോലെ തന്നെ രാജ്യത്തിന് പുറത്ത് നിന്നും വന്‍തോതില്‍ സന്ദര്‍ശകര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തും എന്നാണ് ബാപ്‌സ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് യുഎഇയില്‍ ഉള്ളവര്‍ മാര്‍ച്ച് ഒന്നിന് ശേഷം ക്ഷേത്രദര്‍ശനത്തിന് ശ്രമിക്കണം എന്ന് ബാപ്‌സ് അഭ്യര്‍ത്ഥിക്കുന്നത്. ഇനിയും രജിസ്ട്രര്‍ ചെയ്യാനുള്ളവരോട് ആണ് ഈ അഭ്യര്‍ത്ഥന.
തിക്കുംതിരക്കും ഒഴിവാക്കുന്നതിനായിട്ടാണ് ഈ അഭ്യാര്‍ത്ഥന എന്ന് ബാപ്‌സ് ഹിന്ദുക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് വ്യക്തമാക്കി. ഫെബ്രുവരി പതിനാലിന് ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തില്‍ പതിനെട്ട് മുതല്‍ ആണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.