ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകർന്ന ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രത്തിലെ അടിയന്തര ചികിത്സാ വിഭാഗത്തെ എത്രയും പെട്ടെന്ന് പുനരുജ്ജീവിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബറില്‍ ഇസ്രയേല്‍ സേന ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങള തുടർന്ന് അല്‍-ശിഫ ആശുപത്രിയ്ക്ക് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വിശദീകരിച്ച ലോകാരോഗ്യസംഘടന ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ടു.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകള്‍ ആശുപത്രിസമുച്ചയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നും കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും ലോകാരോഗ്യസംഘടന എമര്‍ജന്‍സി മെഡിക്കല്‍ ടീംസ് കോഓഡിനേറ്റര്‍ സീന്‍ കാസേ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അടിയന്തര ചികിത്സാവിഭാഗത്തിൽ നൂറുകണക്കിന് രോഗികളുണ്ട്. ഓരോ നിമിഷവും കൂടിതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുകയാണെന്നും കാസേ പറഞ്ഞു. ഗുരുതര പരിക്കുകളോടെയെത്തുന്ന രോഗികളെ പോലും നിലത്താണ് കിടത്തുന്നതെന്നും വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകളോ സംവിധാനങ്ങളോ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തിര ഇടപെടൽ നടത്തണം. അല്ലാത്തപക്ഷം ഇനിയും നിരവധി ജീവനുകള്‍ നഷ്ടമാകാനിടയുണ്ടെന്നും ഔദ്യോഗികപ്രസ്താവനയിൽ പറയുന്നു.ശനിയാഴ്ച ആശുപത്രിയില്‍ അവശ്യ മരുന്നുകളും മറ്റു ചികിത്സാ സംവിധാനങ്ങളും എത്തിച്ച ശേഷമായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സംഘടനയുടെ പ്രതികരണം.