നുസൈറത്തില്‍ ബന്ദികളുടെ മോചനത്തിനായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. എന്നാല്‍ ഹമാസിന്റെ ആരോപണം ഇസ്രയേല്‍ തള്ളി. ഇതിനിടെ ഇസ്രയേല്‍ യുദ്ധമന്ത്രിസഭാ അംഗം ബെന്നി ഗാന്റസ് സര്‍ക്കാരില്‍ നിന്നും രാജിവെച്ചു.ഗാസയിലെ നുസൈറത്തില്‍ അഭയാര്‍ത്ഥി കേന്ദ്രം ആക്രമിച്ച് നാല് ബന്ദികളെ ആണ് ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചത്. കരവഴിയും ആകാശമാര്‍ഗ്ഗവും അതിരൂക്ഷാമായ ആക്രമണം ആണ് ശനിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയത്.
ഇസ്രയേല്‍ നടത്തിയ ഈ ആക്രമണത്തില്‍ മൂന്ന് ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. ഒരു അമേരിക്കന്‍ പൗരന്‍ അടക്കം മൂന്ന് ബന്ദികളാണ് മരിച്ചത് എന്നും ഹമാസ് അറിയിച്ചു. എന്നാല്‍ ബന്ദികളുടെ പേരും മറ്റ് വിശദാംശങ്ങളും ഹമാസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഹമാസ് കളളം പറയുകയാണെന്നും ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും പ്രതിരോധ സേന വക്താവ് അറിയിച്ചു. നുസൈറത്തില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 274 പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇതില്‍ 64 പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനിടയില്‍ ഇസ്രയേല്‍ മന്ത്രിസഭയിലും ഭിന്നത രൂക്ഷമാവുകയാണ്. യുദ്ധം വിജയത്തിലേക്ക് എത്തുന്നതിന് നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ബെന്നി ഗ്യാന്റസ് രാജിവെച്ചത്. ദിശാബോധമില്ലാത്ത സമീപനങ്ങള്‍ ആണ് ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിക്കുന്നത് എന്നും ബെന്നി ഗ്യാന്റസ് ആരോപിച്ചു.