എ.ഐ. ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയാന്‍ തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനു പുറമെയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയുക. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും ആന്റണി രാജു പറഞ്ഞു. 25 കോടിരൂപയാണ് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് പിരിഞ്ഞുകിട്ടിയിട്ടുള്ളത്.
എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ അയച്ചു. ൨൦൨൨ ജൂലൈ മാസത്തിൽ സംസ്ഥാനത്തു 3316 റോഡ് അപകടങ്ങളിൽ 313 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ എ ഐ കാമറ സ്ഥാപിച്ച ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു.
19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എം എൽ എ, എം പി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.