ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ദില്ലിയിൽ എത്തി. 235 ഇന്ത്യക്കാരാണ് അജയ് ഓപെറേഷൻ്റെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പടെ ഈ സംഘത്തിൽ ഉണ്ട്. 16 മലയാളികൾ രണ്ടാം വിമാനത്തിൽ ഉണ്ടെന്നാണ് വിവരം.
വിദേശകാര്യ‑വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. വന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ദില്ലിയിൽ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.
വ്യാഴാഴ്ചയാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യമായ ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചത്. 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെയോടെ ദില്ലിയിലെത്തി. ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേൽ എംബസിയുടെ കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ എന്നിവരുൾപ്പെടെ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരാണ് അവിടെയുള്ളത്.