കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം മുങ്ങിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെ വലച്ചു. പന്തല്ലൂരിനേയും ഇരുമ്പുപാലത്തിന് സമീപമുള്ള ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊമ്പന്മാരെ വിരട്ടിയോടിക്കാന്‍ കൊണ്ടുവന്നതാണ് കുങ്കിയാനയെ. എന്നാൽ സ്ഥലത്തെത്തിയപ്പോൾ ആനയുടെ മനസ്സ് മാറി. കുങ്കി കാട്ടാനകൾക്കൊപ്പം സ്ഥലംവിട്ടു. കട്ടക്കൊമ്പന്‍, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാര്‍ പേരിട്ട രണ്ട് കാട്ടാനകളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം വനമേഖലയിലേക്ക് കടന്നത്. രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. മഞ്ഞ് മാറിയപ്പോൾ ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാതായി. ചങ്ങല വേർപ്പെടുത്തിയാണ് ശ്രീനിവാസൻ സ്ഥലം വിട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഏറെ നേരത്തെ ശ്രമഫലമായി ഉദ്യോഗസ്ഥരും പാപ്പാന്മാരും കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചെത്തിച്ചു. എന്നാൽ വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ തേടി കാട്ടാനകൾ എത്തി. പന്തല്ലൂരിൽ നിന്ന് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനെ പിടികൂടിയത്. ശ്രീനിവാസന്റെ അന്നത്തെ കൂട്ടുകാർക്കൊപ്പമായിരിക്കാം അവൻ പോയതെന്നാണ് വനപാലകരുടെ നിഗമനം.