ദുബൈ: കെട്ടിടങ്ങളുടെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ഇനി മുതല്‍ എന്‍ജിനീയറുടെ നേരിട്ടുള്ള പരിശോധ വേണ്ടെന്ന് തീരുമാനം. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പുതിയ സംവിധാനത്തിന് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കുന്ന രീതിയില്‍ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ നേരില്‍ കണ്ട് പരിശോധന പൂര്‍ത്തിയാക്കിയാണ് ഇതുവരെ ചെറുകിട അറ്റകുറ്റപ്പണികള്‍ക്കും പെര്‍മിറ്റ് അനുവതിച്ചിരുന്നത്. ഈ സംവിധാനത്തിനാണ് ദുബൈ മുനിസിപ്പാലിറ്റി മാറ്റം വരുത്തിയിരിക്കുന്നത്.
കെട്ടിടങ്ങളില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പുതിയ നിയമം വഴി എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തേണ്ട. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പേരിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി ഇതിന് അപേക്ഷ സമര്‍പ്പിക്കാനും കഴിയും. കാലതാമസം കൂടാതെ അപേക്ഷകന് പെര്‍മിറ്റ് ലഭ്യമാക്കും. സിംപിള്‍ മെയ്ന്റനന്‍സ്, സെല്‍ഫ് മെയ്ന്‍ന്റനസ്, സ്‌പെഷലൈസ്ഡ് മെയ്ന്‍ന്റനസ് എന്നീ വിഭാഗങ്ങളിലായിരിക്കും പെര്‍മിറ്റ് അനുവതിക്കുക.
മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റായ ദ് ദുബൈ ബില്‍ഡിങ് പെര്‍മിറ്റ് സിസ്റ്റത്തിലാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതെന്ന് പെര്‍മിറ്റ് വിഭാഗം ഡയറക്ടര്‍ ലയാലി അബ്ദുള്‍ റഹ്മാന്‍ അല്‍മുല്ല അറിയിച്ചു. ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ ജോലികള്‍ ചെയ്യാനുള്ള അനുമതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. തറയിലെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ് ജോലികള്‍ എന്നിവയും പുതിയ പെര്‍മിറ്റിന്റെ പരിധിയില്‍ വരും.