കേരളത്തില്‍ വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ ആണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ.സി.യുവിലേക്ക് മാറ്റിയത്.കുട്ടിക്ക് ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതം സംഭവിക്കുകയും രക്തസമ്മര്‍ദ്ദം താഴുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.പതിനൊന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മാസ്‌ക്കും നിര്‍ബന്ധമാക്കി.2018-ന് ശേഷം ഇത് അഞ്ചാം തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.