കര അതിര്‍ത്തി വഴി ഖത്തിറിലെത്തുന്നവര്‍ക്ക് നടപടികള്‍ വേഗത്തിലാക്കി എമിഗ്രേഷന്‍ വിഭാഗം. ഖത്തര്‍ സൗദി അതിര്‍ത്തിയായ അബൂസംറയിലാണ് അതിര്‍ത്തി കടക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കിത്. എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം 166 ആയി വര്‍ദ്ധിപ്പിച്ചു.
എമിഗ്രേഷന്‍ നടപടികള്‍ സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തിനകത്തേക്കോ പുറത്തേയ്‌ക്കോ പോകുന്ന ഒരു യാത്രികന്റെ എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ വെറും 20 മുതല്‍ 40 സെക്കന്റ് വരെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
എന്‍ട്രി ആവശ്യമുള്ളവരും വിരലടയാളം നല്‍കേണ്ടവരുമായ യാത്രക്കാര്‍ക്ക് നടപടികല്‍ പൂര്‍ത്തിയാക്കാന്‍ അധിക സമയം വേണ്ടി വരും. അതേസമയം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന യാത്രകള്‍ക്ക് എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ 10 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രോഷ് 2 ലും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഹയ്യ പ്ലാറ്റ്‌ഫോമിലും പ്രീ രജിസ്‌ട്രേഷന്‍ സേവനം ലഭ്യമാണ്. എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വര്‍ദ്ധിപ്പിച്ചു. യാത്രാ നടപടികള്‍ക്കായി പ്രീ രജിസ്‌ട്രേഷന്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2013 ല്‍ അബൂസംറ ബോര്‍ഡര്‍ ക്രോസിംഗ് മാനേജ്‌മെന്റിനായുള്ള സ്ഥിരം സംവിധാനം രൂപീകരിച്ചിട്ടുണ്ട്. കസ്റ്റംസിനായി 12 കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 60 വാഹങ്ങള്‍ എന്ന ശേഷിയിലാണ് വാഹനങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി അധിക അഡ്മിനിസ്‌ട്രേറ്റീവ്, സര്‍വ്വീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ തുടരുകയാണെന്ന് സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റന്‍ ഷാഫി ഖലീവി അല്‍ ഷമ്മാരി പറഞ്ഞു.