കേരള സര്‍വകലാശാലയുടെ നിര്‍ണായകമായ സെനറ്റ് യോഗം അവസാനിച്ചു. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം സെനറ്റ് പാസാക്കി. വിഷയത്തിൽ സർക്കാരും ഗവർണറും തർക്കം തുടരുന്നതിനിടെ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക നീക്കം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിക്കുന്നതിനെ വിസി എതിര്‍ത്തു.
പ്രോ ചാന്‍സലര്‍ എന്ന നിലയിലാണ് മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുത്തത്. സാധാരണ രീതിയില്‍ ചാന്‍സലറുടെ അഭാവത്തില്‍ സര്‍വകലാശാല സെനറ്റിന്റെ അധ്യക്ഷത വഹിക്കാന്‍ പ്രോ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ മന്ത്രി പങ്കെടുക്കുന്നതില്‍ വിസി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തത്. 65 പേര്‍ പ്രമേയം അംഗീകരിച്ചു. ഗവര്‍ണറുടെ നോമിനികളും യുഡിഎഫ് അംഗങ്ങളുമാണ് പ്രമേയത്തെ എതിര്‍ത്തത്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.