കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. ഇവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻ ആർട്സ്, സ്പോർട്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലേക്ക് മികച്ച പ്രകടനം നടത്തിയവരെയാണ് വിദ്യാർഥി പ്രതിനിധികളായി സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. നാലു റാങ്ക് ജേതാക്കൾ, കലാപ്രതിഭ, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങൾ തുടങ്ങിയവരെയാണ് കേരള സർവകലാശാല വി.സി. സെനറ്റിലെ നിയമനത്തിനായി ശുപാർശ ചെയ്തത്. എന്നാൽ സർവകലാശാല നൽകിയ ഈ പട്ടിക വെട്ടിയായിരുന്നു യോഗ്യത ഒന്നുമില്ലാത്തവരെ ഗവർണർ നിർദേശിച്ചത്. മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
അഭിഷേക് ഡി നായർ, ധ്രുവിൻ എസ് എൽ, മാളവിക ഉദയൻ, സുധി സുധൻ എന്നിവരുടെ നാമനിർദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത പതിനേഴ് പേരിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പി. അനുഭാവികളാണെന്നും ആരോപണമുണ്ട്.