ഗോലാന്‍കുന്നിലെ ആക്രമണത്തിന് ഹിസ്ബുള്ളയ്ക്ക് ചുട്ടമറുപടി നല്‍കുമെന്ന് ഇസ്രയേല്‍. അധിനിവേശ ഗോലാന്‍കുന്നില്‍ ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തില്‍ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.അധിനിവേശ ഗോലാന്‍കുന്നിലെ മജ്ദ് അല്‍ ഷംശി എന്ന ഗ്രാമത്തില്‍ ആണ് റോക്കറ്റ് വീണ് കുട്ടികളും കൗമാരക്കും അടക്കം പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് റോക്കറ്റ് വന്ന് വീണത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ലബനനിലെ സായുധവിഭാഗമായ ഹിസ്ബുള്ള ആണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതിന് തക്കതിരിച്ചടി ഹിസ്ബുള്ളയ്ക്ക് നല്‍കും എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ലബനനുള്ളില്‍ എട്ട് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ലബനനില്‍ നിന്നും ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.പക്ഷെ ഇത്രയും ജീവനെടുത്ത ആക്രമണം ഇത് ആദ്യമായിട്ടാണ്.
ഗോലാന്‍കുന്നിലെ ആക്രമണം ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.അമേരിക്കയിലുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ തിരികെ എത്തും. അതെസമയം ഗോലാന്‍കുന്നിലെ ആക്രമണത്തിന്റെ ഉത്തരവാദികള്‍ തങ്ങള്‍ അല്ലെന്നാണ് ഹിസ്ബുള്ള വിശദീകരിക്കുന്നത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോമില്‍ നിന്നും തെറ്റായി മിസൈലുകളും വന്ന് പതിച്ചാണ് എന്ന വാദവയും ഉയരുന്നുണ്ട്.