സനാതനധർമ പരാമർശം വിവാദമായെങ്കിലും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട് സ്പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരെ കൊലവിളി നടത്തുകയും തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്നും പറഞ്ഞ അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഇത്തരം ഭീഷണികളിൽ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് പരിഹസിക്കുകയും ചെയ്തു.
‘എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചുവെന്ന് കേട്ടു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ വ്യാജനാണോ? എന്റെ തലയോട് എന്താണ് ഇത്ര താൽപര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി, തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഇത്തരം ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’, ഉദയനിധി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പരംഹൻസയുടെ 10 കോടി വാഗ്ദാനം. മറ്റാർക്കും ഉദയനിധിയുടെ തലയെടുക്കാൻ സാധിക്കാതെ വന്നാൽ താൻ തന്നെ തലയറുക്കുമെന്നും പറഞ്ഞിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്‍റെയും ചിത്രം കത്തിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.