ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം നൂറുദശലക്ഷം കടക്കുമെന്ന് വിലയിരുത്തല്‍. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണ്. 120 ദശലക്ഷം യാത്രക്കാരെ കൈര്യം ചെയ്യാന്‍ കഴിയും വിധത്തിലാണ് ശേഷി വര്‍ദ്ധിപ്പിക്കുന്നത്.പ്രതിവര്‍ഷം നൂറ് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് ദുബൈ രാജ്യാന്തരവിമാനത്താവളത്തിന് നിലവില്‍ ശേഷിയുള്ളത്. ഈ വര്‍ഷം തന്നെ പൂര്‍ണ്ണശേഷിയിലേക്ക് യാത്രക്കാരുടെ എണ്ണം ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര ഏവിയേഷന്‍ അനലിസ്റ്റായ ക്യാപയുടെ പഠനത്തില്‍ ആണ് ദുബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം നൂറ് ദശലക്ഷത്തിലേക്ക് ഉയരും എന്ന് പറയുന്നത്. ഇസ്താംബുള്‍, പാരിസ്, ന്യൂയോര്‍ക്ക്,ടോക്കിയോ തുടങ്ങിയ നഗരങ്ങളും നൂറ് ദശലക്ഷം യാത്രക്കാരുടെ ക്ലബിലേക്ക് ഈ വര്‍ഷം ഉയരും എന്നും ക്യാപയുടെ പഠനത്തില്‍ പറയുന്നുണ്ട്. കോവിഡിന് ശേഷം ലോകത്താകമാനം വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ന് ശേഷം ദുബൈ രാജ്യാന്തരവിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി.
2024-ല്‍ ഇത് റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് ഉയരും എന്നാണ് ദുബൈ എയര്‍പോര്‍ട്‌സും പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ വര്‍ദ്ധിക്കുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം 120 ദശലക്ഷം യാത്രക്കാര്‍ എന്നതാണ് നിലവിലെ ലക്ഷ്യം. യാത്രക്കാരുടെ എണ്ണം 120 ദശലക്ഷവും കടന്നാല്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് വ്യക്തമാക്കിയിട്ടുണ്ട്.