മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത വിധി. മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത നിരീക്ഷിച്ചു.
ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർ എസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും തള്ളിയത്.
മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് തെളിവുകളില്ല. അങ്ങനെ നടന്നുവെന്ന് തെളിയിക്കപ്പെട്ടില്ല. മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ല. മന്ത്രിസഭ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.