നവകേരള സദസ്സിന് ഇടയിൽ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. പുനലൂരിൽ നവകേരള സദസ്സിൽ സംസാരിക്കവെ ഒരാൾ പാഞ്ഞടുത്തതിനോടാണ് പിണറായി വിജയൻ പ്രതികരിച്ചത്. പരിപാടി അലങ്കോലമാക്കാൻ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാൽ എല്ലാവരും സംയമനത്തോടെയാണ് പ്രതികരിച്ചത്. ചിലയിടത്ത് മാധ്യമങ്ങൾ കൂടി പ്രതിഷേധങ്ങളുടെ ആസൂത്രണം നടത്തി. പ്രതിഷേധക്കാർ നിൽക്കുന്നയിടത്ത് മാധ്യമ പ്രവർത്തക ക്യാമറയുമായി നിന്നു. എക്‌സ്‌ക്ലൂസീവ് ആയി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇവിടെ ക്യാമറയുടെ മുന്നിലേക്ക് എക്‌സ്‌ക്ലൂസീവ് ആയി ചാടി വീഴുകയായിരുന്നു. ജനങ്ങൾ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താൻ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. ഞങ്ങൾ എത്ര പ്രതിഷേധം കണ്ടതാണെന്നും പിണറായി പറഞ്ഞു. പുനലൂരിൽ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.