മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്റർ വൈറലാകുന്നു. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്. ഏറെ പ്രശംസ നേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർത് ഭരതനും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
നായകനാണോ വില്ലനോണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ചിരി, നരച്ച താടിയും മുടിയും കഴുത്തില്‍ ജപമാല.
മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം നടക്കുക. പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് തിരക്കഥയെഴുതുന്നത്. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ. ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.