നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.
തമിഴ് ആചാരപ്രകാരം ആയിരുന്നു ചടങ്ങുകൾ. ഇളം പിങ്ക് ഇൻ നിറത്തിലുള്ള ലെഹങ്ക പോലുള്ള വസ്ത്രമാണ് താരിണി ധരിച്ചിരിക്കുന്നത്. ജുബ്ബയും പൈജാമയുമാണ് കാളിദാസിന്റെ വേഷം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മോഡലായ താരിണി കലിംഗരായരുമായി ഏറെനാളായി താരം പ്രണയത്തിലാണ്. പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ വർഷമാണ് ഇരുവരും വെളിപ്പെടുത്തിയത്. ശേഷം കാളിദാസിന്റെ പല കുടുംബ ചിത്രങ്ങളിലും താരിണി പ്രത്യക്ഷപ്പെട്ടു.
താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം പറഞ്ഞിരുന്നു. കാളിദാസ് ജയറാം ഷി അവാർഡ് വേദിയിലാണ് പ്രണയം വെളിപ്പെടുത്തിയത്. തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായര്‍ക്കൊപ്പം കാളിദാസ് എത്തിയിരുന്നു. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്ന് പറഞ്ഞ അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്ന് നടൻ സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തു. താരിണി കലിംഗരായരെ കാളിദാസ് എടുത്ത് ഉയർത്തുന്ന വീഡിയോയും വൈറലായിരുന്നു.
സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്. 2021 മിസ് ദിവാ റണ്ണറപ്പായിരുന്നു താരിണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ താരുണി ചെന്നൈ സ്വദേശിനിയാണ്.