കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പിനടുത്ത് മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദ്യാർഥിനിയെ മഠത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്തി(44)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പിൽ ഏറെനാളായി മന്ത്രവാദകേന്ദ്രം നടത്തുന്നയാളാണ് ജയേഷ്. പഠനത്തിൽ മികവുണ്ടാകാൻ എന്ന പേരിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾ കേന്ദ്രത്തിൽ കൊണ്ടുവന്നത്. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിക്താക്കൾ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ക്ലാസ് കഴിഞ്ഞ് മടങ്ങിയാൽ മന്ത്രവാദകേന്ദ്രത്തിലേക്ക് വരാൻ ഇയാൾ നിർദേശിച്ചിരുന്നു. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കരുതുന്നത്.
ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരെ നാട്ടുകാരിൽനിന്ന് നേരത്തെയും പരാതികളുയർന്നിരുന്നു. യുവജനസംഘടനകൾ കേന്ദ്രത്തിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനു മുമ്പും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും താക്കീത് ചെയ്ത് വിട്ടയുക്കുകയും ചെയ്തിരുന്നു. ഒൻപതാം ക്ലാസുകാരിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാൻ അന്ന് വിളിപ്പിച്ചത്. എന്നാൽ മാതാപിതാക്കൾ രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതോടെ നടപടി വൈകുകയായിരുന്നു.