ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കരാറിലേക്ക് എത്തിക്കാന്‍ കഴിയാതെ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ നിന്നും മടങ്ങി.എന്നാല്‍ അടുത്തയാഴ്ച്ചയോടെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയും എന്നാണ് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയാത്തതില്‍ ഹമാസിനെ ആണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്.ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഒന്‍പതാം പശ്ചിമേഷ്യന്‍ പര്യടനം അവസാനിപ്പിച്ചാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മടങ്ങിയത്.
ഇസ്രയേലിലും ഈജിപ്തിലും ഖത്തറിലും സന്ദര്‍ശനം നടത്തിയതിന് ശേഷം ആണ് ബ്ലിങ്കന്‍ മേഖലയില്‍ നിന്നും മടങ്ങിയത്.ബ്ലിങ്കന്‍ മടങ്ങിയെങ്കിലും മധ്യസ്ഥരുടെ നേതൃത്വത്തില്‍ ഈ ആഴ്ചയും ചര്‍ച്ചകള്‍ തുടരും. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച പ്രാഥമീക കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചത് ആണ് തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിട്ടിരിക്കുന്നത്. അമേരിക്കയുടെ ഈ നിര്‍ദ്ദേശങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രയേലിനും ഹമാസിനും ഇടയിലെ അകലം കുറയ്ക്കുന്നതിന് സഹാകമാകും എന്നും മധ്യസ്ഥര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍മാറണം എന്നതാണ് ഹമാസിന്റെ നിലപാട്. എന്നാല്‍ ഇസ്രയേല്‍ അതിന് തയ്യാറല്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ ഫിലാഡെല്‍ഫി ഇടനാഴിയില്‍ തുടരും എന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് ഹമാസ് വഴങ്ങുന്നില്ല. നിലവില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഹമാസ് വിട്ടുനില്‍ക്കുകയാണ്. അമേരിക്ക മുന്നോട്ട് വെച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചിട്ടുമില്ല.ജൂണില്‍ ചര്‍ച്ച ചെയ്ത കരാര്‍ നടപ്പാക്കണം എന്ന നിലപാടാണ് ഹമാസിന്റേത്.