പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നു.
ശ്രീജയുടെ വീട്ടിലാണ് സംഭവം നടന്നത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് എട്ടുമാസമായി ഇവർ വേർപിരിഞ്ഞ് താമസിക്കുകയാണ്. വേണു ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. ശ്രീജ തെങ്ങണയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. വ്യാഴാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയ വേണു ശ്രീജയെ ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം.
ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവർക്ക് ആറാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.