പ്രമേഹരോഗികളുടെ വര്‍ദ്ധന തടയുന്നതിനായി യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയം നടത്തിവന്നിരുന്ന വ്യാപകപരിശോധനയ്ക്ക് സമാപനം. പരിശോധനയ്ക്ക് വിധേയരായവരില്‍ ഒന്‍പത് ശതമാനത്തോളം പേര്‍ പ്രമേഹഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പ്രീഡയബറ്റിക്-ഡയബറ്റിക് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയ്‌ന്റെ കണ്ടെത്തല്‍. നൂറ് ദിവസം കൊണ്ട് അയ്യായിരത്തോളം താമസക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പയ്‌നില്‍ പന്ത്രണ്ടായിരത്തോളം പേരെയാണ് പരിശോധിച്ചത്.
ആശങ്ക ഉയര്‍ത്തുന്നതാണ് പരിശോധനാ ഫലങ്ങള്‍. പരിശോധനയ്ക്ക് വിധേയമായവരില്‍ 8.9 ശതമാനം പേര്‍ പ്രീഡയബറ്റിക്കാണെന്നാണ് കണ്ടെത്തല്‍. ജീവിതശൈലിയിലെ മാറ്റം അടക്കം അടിയന്തരപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടവര്‍ ആണ് ഇവര്‍. പ്രീഡയബറ്റിക് സ്റ്റേജില്‍ തന്നെ കണ്ടെത്തുകയും വേണ്ടവിധം കൈകാര്യം ചെയ്യുകയും ചെയ്താല്‍ പ്രമേഹത്തെ തടയാമെന്ന് യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിലെ നോണ്‍കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബുത്തൈന ബിന്‍ ബെലൈല പറഞ്ഞു. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെയും ചികിത്സയിലൂടെയും അപകടാവസ്ഥയിലേക്ക് എത്താതെയും പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും എന്നും ഡോ.ബുത്തൈന പറഞ്ഞു.
പരിശോധനയ്ക് വിധേയമായവരില്‍ 1.7 ശതമാനം പേര്‍ പ്രമേഹരോഗികള്‍ ആണെന്നും കണ്ടെത്തി. പ്രീഡയബറ്റിക് കേസുകള്‍ കണ്ടെത്തുക എന്നതായിരുന്നു ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയിന്റെ പ്രഥമലക്ഷ്യം.