ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർ എസ്എസ് പ്രവർത്തകർ. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവരാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖരെ നേരിട്ട് കണ്ടാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. അടുത്തിടെ മലയാളത്തിൽ നിന്ന് ഒട്ടനവധി സിനിമാ താരങ്ങൾ അയോധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങിയിരുന്നു. ശ്രീനിവാസൻ അടക്കമുള്ള താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനും ആർഎസ്എസ് നേതാക്കൾ നേരിട്ടെത്തി അക്ഷതം കൈമാറുകയും ക്ഷണപത്രം നൽകുകയും ചെയ്‌തിരുന്നു. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6000ത്തിലധികം വിശിഷ്‌ട വ്യക്തികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സിനിമാ-കായിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രൺബീർ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ, കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.