വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. എന്നാല്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു.
പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് എഐസിസി ഇടപെടല്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ മത്സരിച്ചിരുന്നു. അതേസമയം, ഇത്തവണ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് റായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി രംഗത്തെത്തെത്തുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു.