ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ വീറ്റോ അധികാരങ്ങള്‍ നവീകരിക്കുകയും പുനപരിശോധിക്കുകയും വേണം എന്ന് യുഎഇ. ഐക്യരാഷ്ട്രസഭിലെ യുഎഇയുടെ സ്ഥിരം പ്രദിനിധി ലാന നുസൈബ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വീറ്റോ അധികാരങ്ങള്‍ ദുരുപയോഗിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇയുടെ ആവശ്യം.യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് പല തവണ പ്രമേയങ്ങള്‍ വന്നുവെങ്കില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വീറ്റോ ചെയ്യുകയായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളാണ് അമേരിക്ക പല തവണ വീറ്റോ ചെയ്തത്. പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് മാത്രം സുരക്ഷാ കൗണ്‍സില്‍ മുപ്പത്തിരണ്ട് തവണ വീറ്റോ അധികാരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ലാന നുസൈബ പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിലും എല്ലാം സുരക്ഷാ കൗണ്‍സില്‍ പരാജയമാണെന്ന് യു.എ.ഇ പ്രതിനിധി വിമര്‍ശിച്ചു. ഗാസയില്‍ മാത്രമല്ല സമാനമായി ലോകത്ത് ഉണ്ടായിട്ടുള്ള പല ദുരന്തങ്ങളും അവസാനിപ്പിക്കുന്നതില്‍ രക്ഷാസമിതി പരാജയപ്പെട്ടു. വീറ്റോ അധികാരങ്ങളുടെ ദുരുപയോഗമാണ് രക്ഷാസമിതിയുടെ പരാജയത്തിന് കാരണം. സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളുടെ വീറ്റോ അധികാരങ്ങള്‍ പുനപരിശോധിക്കണം എന്നും ലാന നുസൈബ പറഞ്ഞു. വീറ്റോ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയണം. ഏതങ്കിലും ഒരു വിഷയത്തില്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിന് എതിരെ വീറ്റോ പ്രയോഗിക്കാന്‍ പാടില്ലെന്നാണ് യുഎഇയുടെ നിലപാടെന്നും ലാന നുസൈബ പറഞ്ഞു. യു.എന്‍ സെക്രട്ടറി ജനറലിന്റെ കാഴ്ച്ചപ്പാടിന് പ്രാധാന്യം നല്‍കണം.
രാജ്യാന്തരനിയമങ്ങളുടെ അടിത്തറതോണ്ടും വിധത്തില്‍ വീറ്റോ അധികാരങ്ങള്‍ സുരക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു. ഈ വഴിയില്‍ തന്നെയാണ് തുടരുന്നതെങ്കില്‍ രാജ്യാന്തരസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ആയിരിക്കും എന്നും ലാന നുസൈബ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.