Thursday, January 2, 2025
HomeNewsNationalസത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല; സുരേഷ് ഗോപിക്ക് അതൃപ്തി

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല; സുരേഷ് ഗോപിക്ക് അതൃപ്തി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതിൽ അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് നിയമന വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സുരേഷ് ഗോപി. മണ്ഡലത്തിൽ സജീവമായി അദ്ദേഹം ഉണ്ട്. ഇവിടെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കുറച്ച് നാൾ മുൻപ് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ‘ തൃശൂർ ഇങ്ങ് തന്നാൽ എടുത്തോളാം’ എന്നു സുരേഷ് ഗോപി പ്രസംഗിച്ചതും ഈ ചർച്ചകൾ സജീവമാക്കി. ഈ സാഹചര്യത്തിൽ തന്നെ അറിയിക്കാതെ ഉള്ള നീക്കത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢ നീക്കം ഉണ്ടോ എന്ന സംശയത്തിലാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ.

ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് നിയമനം സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചേക്കും. അടുത്ത ദിവസം ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലെത്തുന്നുണ്ട്. അവിടെവെച്ച് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടേക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments