അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. മാനുവൽ പരിഷ്കരണത്തിൽ അത് ഉൾപ്പെടുത്തും. കോടതികളിൽ നിന്ന് അനിയന്ത്രിതമായി അപ്പീലുകൾ അനുവദിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലകളിൽ വന്നിട്ടുള്ള റിസൾട്ട് വെച്ചുണ്ടാക്കുന്ന ടൈം ഷെഡ്യൂൾ അനുസരിച്ച് മുന്നോട്ട് പോയാൽ സമയം തെറ്റില്ല. പക്ഷേ ഇപ്പോൾ മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേയാണ് അപ്പീലുമായി എത്തുന്നത്. അതിന്റെ നടപടിക്രമങ്ങൾ കൂടി മണിക്കൂറുകളെടുക്കുന്നു. മത്സരങ്ങൾ വൈകി ആരംഭിക്കുന്ന അവസ്ഥ ഇത് മൂലമുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
62 -ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ നിരവധി മത്സരാർഥികള്‍ അപ്പീലില്‍ മത്സരിക്കാന്‍ എത്തിയിരുന്നു. ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. സംഘ നൃത്തത്തിന് 32 ഓളം അപ്പീലുകൾ വന്നിട്ടുണ്ട്. ജില്ല മത്സരത്തിന് ഏറ്റവും താഴെ ഗ്രേഡുള്ളവരും ഇത്തരത്തിൽ എത്തിയിട്ടുണ്ട്. ശരിയായിപരിശോധിച്ച് കാര്യങ്ങൾ നീക്കിയതിനാലാണ് കഴിഞ്ഞ വർഷം കോഴിക്കോട് അപ്പീലുകൾ കുറവായിരുന്നത്.
ആദ്യദിനത്തിലെ മത്സരഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. മോഹിനിയാട്ടത്തോടെ രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിച്ചു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വിവിധ വേദികളിൽ അരങ്ങേറും.