സൗദിയില്‍ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണത്തിലൂടെ ആറ് മാസത്തിനുള്ളില്‍ തൊഴില്‍ നേടിയത് ഒന്നര ലക്ഷം സ്വദേശികള്‍. ഒരു ലക്ഷത്തോളം സ്ഥാപനങ്ങളിലാണ് സ്വദേശികള്‍ക്ക് നിയനം നല്‍കിയത്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ സഹായവും നല്‍കുന്നുണ്ട്.രാജ്യത്തെ എല്ലാ സുപ്രധാന മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളില്‍ സ്വദേശികള്‍ തൊഴില്‍ നേടി.
ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 1,53,000 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ധനസഹായം ലഭ്യമാക്കിയതായി മാനവ വിഭവശേഷി നിധി ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജുവൈനി അറിയിച്ചു. തൊഴില്‍ വിപണി കണ്ടെത്തല്‍, പരിശീലനം, സ്വദേശിവത്കരണ പരിപാടികള്‍ക്കുള്ള പിന്തുണ എന്നിവയ്ക്കാണ് ധന സഹായം നല്‍കിയത്.
രാജ്യത്തെ പൗരന്മാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അനുയോജ്യമായ മേഖല കണ്ടെത്തുന്നതിനുമാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.