മുസഫര്‍ നഗറില്‍ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കേരളം പഠിപ്പിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ത്ഥിയെ ക്ലാസില്‍ അപമാനിച്ച അദ്ധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.