അബുദബിയില്‍ ടാക്‌സി ബുക്കിംഗിന് പുതിയ സംവിധാനം. യാങ്കോ ആപ്പ് ആപ്ലിക്കേഷന്‍ വഴിയാണ് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയുക.ടാക്‌സി സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് പുതിയ സഹകരണത്തിന്റെ ലക്ഷ്യം എന്ന് അബുദബി മൊബിലിറ്റി അറിയിച്ചു.രാജ്യാന്തരതലത്തില്‍ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യാങ്കോയുമായി കൈകോര്‍ത്താണ് അബുദബി മൊബിലിറ്റി എമിറേറ്റില്‍ പുതിയ ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
യാങ്കോ ആപ്പ് വഴി യാത്രക്കാര്‍ക്ക് പൊതു-സ്വകാര്യ ടാക്‌സികളും ലൈസന്‍സുള്ള വാഹനങ്ങളും ബുക്ക് ചെയ്യാന്‍ സാധിക്കും എന്ന് അബുദബി മൊബിലിറ്റി അറിയിച്ചു.മുന്നൂറോളം ടാക്‌സികളെ ഉപയോഗിച്ച് അഞ്ച് മാസത്തോളം നീണ്ട പരീക്ഷണഘട്ടത്തിന്റെ വിജയത്തിന് ശേഷം ആണ് യാങ്കോ ബുക്കിംഗ് സംവിധാനം വ്യാപകമാക്കുന്നത്.നിലവില്‍ യാങ്കോ മൊബൈല്‍ ആപ്പില്‍ 1500 രജിസ്‌ട്രേഡ് ടാക്‌സികള്‍ ആണ് ഉള്ളത്. യാങ്കോ യാപ് ഐ.ഒ.എസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ആപ്പ് തുറന്ന് പോകേണ്ട സ്ഥലവും ടാക്‌സി എത്തേണ്ട സ്ഥലവും നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ വാഹനം എത്തും. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വഴി ടാക്‌സി സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് അബുദബി മൊബിലിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പറഞ്ഞു.