Sunday, December 22, 2024
HomeNewsInternationalഅമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന് വിജയം. ഇതോടെ മുൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും എന്ന് ഉറപ്പായി.

സജീവമായി മത്സരരംഗത്ത് ഉള്ള നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകള്‍ നേടി. ഇയോവ കോക്കസില്‍ നേടിയ പകുതിയിലധികം വോട്ട് ശതമാനം ന്യൂഹാംഷെയര്‍ പ്രൈമറിയിലും ആവര്‍ത്തിച്ചു. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണള്‍ഡ് ട്രംപിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.എഡിസൺ റിസർച്ച് അനുസരിച്ച് ട്രംപിന് 52.3 ശതമാനം വോട്ട് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസിക നില ട്രംപിനില്ലെന്ന് നിക്കി ഹേലി ന്യൂഹാംഷെയറിലെ പ്രചരണത്തിനിടെ വിമർശിച്ചിരുന്നു. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹേലി ചോദിച്ചു. നിക്കി ഹേലിക്ക് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകാനുളള യോഗ്യത പോരെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ വിമർശനം.

ആദ്യ ഘട്ടത്തില്‍ ട്രംപിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ ഹേലി ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം കടുത്തതോടെ ട്രംപിന്റെ വിമർശനങ്ങളോട് ഹേലി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യൻ വംശജയാണ് നിക്കി ഹേലി. പഞ്ചാബിൽ നിന്നു കുടിയേറിയ അജിത് സിങ് രൺധാവയുടെയും രാജ് കൗറിന്റെയും മകളാണ് നിക്കി ഹേലി. സൗത്ത് കാരോലിനയിലെ മുൻ ഗവർണർ കൂടിയായ നിക്കി ഹേലിയുടെ മാതാപിതാക്കൾ വിദേശികളായതു കൊണ്ട് യുഎസ് പ്രസിഡന്റാകാൻ അവർക്കു യോഗ്യതയില്ലെന്നും ട്രംപ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments