ദുബൈ അല്‍മക്തും ബ്രിഡ്ജില്‍ ഇന്ന് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം. വാരാന്ത്യങ്ങളില്‍ മുഴുവന്‍ സമയവും മറ്റ് ദിവസങ്ങളില്‍ രാത്രികളിലും പാലം അടച്ചിടും. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അല്‍മക്തും ബ്രിഡ്ജ് അടച്ചിടുന്നത്.ഇന്ന് മുതല്‍ 2025 ജനുവരി പതിനാറ് വരെയാണ് അല്‍മക്തും പാലത്തില്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പാലം അടച്ചിടുന്നത്.ഞായറാഴ്ച്ചകളില്‍ പാലം പുര്‍ണ്ണമായും അടച്ചിടും എന്നും ആര്‍ടിഎ അറിയിച്ചു.ഈ സമയങ്ങളില്‍ വാഹനയാത്രികര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണം എന്നും ആര്‍ടിഎ ആവശ്യപ്പെട്ടു.ദേരയ്ക്കും ബര്‍ദുബൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജ്,ഷിന്ദഗ ടണല്‍,ഗര്‍ഹൂദ് ബ്രിഡ്ജ്,ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ് എന്നിവ ഉപയോഗിക്കണം എന്ന് ആര്‍ടിഎ ആവശ്യപ്പെട്ടു.
ദുബൈ ക്രീക്കിന് കുറുകെ 1962-ല്‍ നിര്‍മ്മിച്ച അല്‍മക്തും ബ്രിഡ്ജ് എമിറേറ്റിലെ ഏറ്റവും പഴക്കംചെന്ന പാലമാണ്.പ്രതിവാര-പ്രതിമാസ-വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ദുബൈ ആര്‍ടിഎ അല്‍മക്തും പാലം പരിപാലിക്കുന്നത്. കഴിഞ്ഞ വര്‍ഷം 104 തവണയാണ് അല്‍മക്തും ബ്രിഡ്ജില്‍ ആര്‍ടിഎ അറ്റകുറ്റപ്പണികള്‍ നടത്തിയത്.