അവധി ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി യുഎഇയുടെ വിമാന കമ്പനികള്‍. പെരുന്നാള്‍ അവധിയും സ്‌കൂള്‍ അവധി ദിനങ്ങളും എത്തുന്നതോടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യങ്ങളിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുക.
മാര്‍ച്ച് അവസാനം മുതല്‍ ആഗസ്റ്റ് വരെ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് എയര്‍ലൈനുകള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരക്ക് അനുഭവപ്പെടും. രാജ്യത്തെ സ്‌കൂളുകള്‍ക്കും അവധി ആയതിനാല്‍ കുടുംബയാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. അബുദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ യുഎഇയുടെ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരമാവധി യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍, സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും, എമിറേറ്റ്‌സ് എയല്‍ലൈന്‍സും ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ മുമ്പ് സേവനം ഉപയോഗിക്കാം.
ചെക്ക് ഇന്‍ ചെയ്തവര്‍ക്ക് വിമാനത്താവള ടെര്‍മിനലില്‍ ഓട്ടോമേറ്റഡ് സെല്‍ഫ് സര്‍വ്വീസ് ബാഗ് ഡ്രോപ്പുകള്‍ വഴി ലഗേജുകള്‍ നല്‍കി ബോര്‍ഡിംഗ് പാസുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശേഖരിക്കാം. ഇതിലൂടെ ചെക്ക് ഇന്‍ കൗണ്ടറിലെ കാത്തിരിപ്പ് ഒഴിവാക്കാന്‍ കഴിയും. സ്മാര്‍ട്ട് ഗേറ്റുകളിലൂടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. നിരോധിത സാധനങ്ങള്‍ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണം. ദുബൈയില്‍ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും എത്തുന്ന യാത്രക്കാര്‍ പരമാവധി മെട്രോ സര്‍വ്വീസ് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ മറ്റ് യാത്രകര്‍ ഒഴിവാക്കണമെന്നും മറ്റ് പാതകള്‍ തെരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.