രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലയിടിവ്. ബ്രെന്റ് ക്രൂഡ് വില വീണ്ടും എണ്‍പത് ഡോളറിന് താഴേയ്ക്ക് എത്തി.
ഉത്പാദനനിയന്ത്രണം സംബന്ധിച്ച് ഒപെക്കില്‍ സമവായം ഉണ്ടാകാത്തതാണ് വിലയിടിവിന് കാരണം.ഇസ്രയേല്‍-ഹാമാസ് യുദ്ധം ആരംഭിച്ചിതിന് ശേഷം നൂറ് ഡോളറിലേക്ക് വരെ ഉയര്‍ന്ന എണ്ണവില പിന്നീട് ഇടിയുകയായിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില എഴുപത്തിയൊന്‍പത് ഡോളറായും കുറഞ്ഞു.
വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുകയും ആവശ്യകത ആനുപാതികമായി വര്‍ദ്ധിക്കാത്തതും ആണ് വിപണിയിലെ അസ്ഥിരതയ്ക്ക് കാരണമായി വിദഗദ്ധര്‍ പറയുന്നത്. എണ്ണവിപണനവുമായി ബന്ധപ്പെട്ട 2024-ലേക്കുള്ള നയരൂപീകരണത്തിനായി ഈ മാസം മുപ്പതിന് യോഗം ചേരാനുള്ള തയ്യാറെടുപ്പിലാണ് ഒപെക്പ്ലസ് രാജ്യങ്ങള്‍. അടുത്ത വര്‍ഷം ആദ്യ പാദത്തിലും നിലവിലെ വിതരണനിയന്ത്രണം തുടരുന്നതിനാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം. എന്നാല്‍ ഒപെക് പ്ലസ് സഖ്യത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിതരണനിയന്ത്രണം തുടരുന്നതിനോട് അനുകൂല നിലപാടല്ല.
അഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ മുഴുവന്‍ അംഗരാജ്യങ്ങളും വിതരണനിയന്ത്രണം തുടരുന്നതിനോട് യോജിക്കും എന്നാണ് ഒപെക് നേതൃത്വം വ്യക്തമാക്കുന്നത്. സമായമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.