വണ്ടിപ്പെരിയാര്‍ കേസിൽ പ്രതിയെ വെറുതെ വിട്ടത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ ഹര്‍ജി നൽകി. ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹര്‍ജി. വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ പറയുന്നു.
2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പ്രോസിക്യൂഷനും പൊലീസും വാദിക്കുന്നത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മരിച്ച കുട്ടിയുടെ പിതാവും നേരത്തെ പറഞ്ഞിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.