രാജസ്ഥാനില്‍ 21-വയസുള്ള ഗോത്രവര്‍ഗ വിഭാഗക്കാരിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി സഹായം അഭ്യര്‍ഥിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ക്രൂരത കാട്ടിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തി. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് രാജസ്ഥാന്‍ ഡി.ജി.പി. ഉമേഷ് മിശ്ര പറഞ്ഞു.
സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പരിക്കേറ്റ പ്രതികള്‍ നിലവില്‍ ചികിത്സയിലാണ്. ഏഴുപേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി ആറ് സംഘങ്ങള്‍ പോലീസ് രൂപീകരിച്ചിട്ടുണ്ട്. വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ യുവതികളെ നഗ്നകളാക്കി നടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നുള്ള സംഭവം.