ആലപ്പുഴയിലെ മാർച്ചിലുണ്ടായ ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോഗ്യനില ഗുരുതരം. മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മാറ്റിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിൽ ലാത്തി ചാർജിൽ തലക്കടിയേറ്റാണ് മേഘയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനും പരുക്കേറ്റു. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകർക്കും മര്‍ദ്ദിനമേറ്റു. പുരുഷ പൊലീസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഉപരോധിച്ചിരുന്നു.