ഇടുക്കിയിൽ കനത്തമഴയെ തുടർന്ന് ഡാമുകൾ തുറന്നു. കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. കല്ലാർ -ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കല്ലാർ ഡാമിലെ ജലനിരപ്പ് ചുവപ്പ് ലെവലില്‍ എത്തി.
പാംബ്ല ഡാമിന്‍റെ ഷട്ടറുകളും ആവശ്യാനുസരണം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 500 ക്യൂമെക്സ് ജലം വരെ പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടർച്ചയായി മഴ പെയ്യുന്നുണ്ട്.
അതിനിടെ കൊച്ചുകരിന്തരുവി പുഴയില്‍ കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലാണുള്ളത്. സെന്‍റ് ജോസഫ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ്. 11 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. പച്ചടി പത്തുവളവിലും പേത്തോട്ടി ഞണ്ടാറിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. ചേറ്റുകുഴി–കമ്പംമെട്ട് റോഡിലും കൂട്ടാര്‍ റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.