ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിന് ഒരുങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ശനിയാഴ്ച രാവിലെ 11.50 നാണ് പേടകം വിക്ഷേപണം നടത്തുക. ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.
സൂര്യനില്‍ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയാണ് ഇത്. വിക്ഷേപിച്ച് മൂന്ന് മാസം സഞ്ചരിച്ചാണ് പേടകം ഇവിടെ എത്തുക. പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ആദിത്യ എല്‍1. 5 കൊല്ലവും രണ്ടുമാസവും നീണ്ടുനില്‍ക്കുന്ന സ്പേസ് ഓബ്സര്‍വേറ്ററി ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.
ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് പോയന്റ്-1 പോയിന്റിൽ ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാണ്. അതിനാൽ ബഹിരാകാശ പേടകങ്ങൾക്ക് തുടർച്ചയായി കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ തന്നെ ഇവിടെ തുടരാനാകും. സൗര പ്രവർത്തനങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കണ്ടെത്താനും ഇത് സഹായകരമാകും.