ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വീസയില്ലാതെ പ്രവേശിക്കാന്‍ കഴിയുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. വീസനടപടിക്രമങ്ങളില്‍ മാറ്റം വന്നിട്ടെന്നും പൊലീസ് അറിയിച്ചു.ഹെന്‍ലി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കം അറുപത്തിരണ്ട് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാം
എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നും വീസ നടപടിക്രമങ്ങളില്‍ ഒമാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വീസ നടപടിക്രമങ്ങള്‍ നേരത്തെയുള്ളതു പോലെ തന്നെ തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി അറിയിച്ചു.
അതെസമയം യൂ.എസ് യൂറോപ്യന്‍ യൂണിയന്‍ കനേഡിയന്‍ വീസകള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഓണ്‍ അറൈവല്‍ വീസ അനുവദിക്കുന്നുണ്ട്. പതിനാല് ദിവസത്തേക്കാണ് ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വീസ അനുവദിക്കുന്നത്. ഒമാനില്‍ എത്തുന്നവര്‍ക്ക് വേഗത്തില്‍ തന്നെ വീസ ലഭ്യമാക്കുന്നുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.