അബുദബിയിലെ ഹിന്ദുക്ഷേത്ര ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. കൂടിക്കാഴ്ച്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. ഫെബ്രുവരി പതിനാലിന് ദുബൈയില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ഫെബ്രുവരി പതിനാലിനാണ് അബുദബിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാപ്‌സ് ഹന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക.
ഫെബ്രുവരി പതിമൂന്നിന് വൈകിട്ട് അബുദബി സായിദ് സിറ്റി സ്‌പോര്‍ട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയായ അഹ്ലന്‍ മോദിയാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പ്രധാനപരിപാടി. ഇത് കൂടാതെ ദുബൈയിലും അബുദബിയിലും നരേന്ദ്രമോദി നിര്‍ണ്ണായക കൂടിക്കാഴ്ച്ചകള്‍ നടത്തും എന്നാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയും യുഎഇയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം വിപുലപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും എന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.2022-ല്‍ ഇന്ത്യ-യുഎഇ സെപ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്ന് ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വാണിജ്യവ്യാപര ഇടപാടുകള്‍ 85ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. ഇത് നൂറ് ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം.
മേഖലയിലേയും രാജ്യാന്തര തലത്തിലും ഇരുരാജ്യങ്ങള്‍ക്കും പൊതുവായി താത്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയാകും. പിന്നീട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുവായിട്ടും നരേന്ദ്രമോദി ചര്‍ച്ച നടത്തും. ദുബൈയില്‍ നടക്കുന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യുയും തുര്‍ക്കിയും ഖത്തറും ആണ് ഉച്ചകോടിയില്‍ അതിഥി രാജ്യങ്ങള്‍.