Sunday, December 22, 2024
HomeNewsNationalഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദ്ദേശിച്ച് മമത ബാനർജി

ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദ്ദേശിച്ച് മമത ബാനർജി

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗം അവസാനിച്ചു. സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ച. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിനിടെ ആണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യമുയർന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും എ എ പി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ആണ് ആദ്യം ഖാര്‍ഗെയുടെ പേര് മുന്നോട്ട് വെച്ചത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

മുന്നണി യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഖാര്‍ഗെ വിശദീകരിച്ചു. പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനില്‍ മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടും. പ്രധാനമന്ത്രി അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച വിശദീകരിക്കണം എന്നാണ് ആവശ്യമെന്നും ഖാര്‍ഗെ പറഞ്ഞു.

സുരക്ഷ വീഴ്ചയില്‍ ഇന്‍ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തെരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില്‍ തീരുമാനം പിന്നീട് ഉണ്ടാകും. തെരഞ്ഞെടുപ്പ് നേരിടുന്നതിലാണ് ഇപ്പൊൾ ശ്രദ്ധ. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷന്‍ വൈക്കോ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments