അബുദബി: വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്യും മുന്‍പ് പെര്‍മിറ്റ് എടുക്കണം എന്ന് വാണിജ്യ വികസന വകുപ്പ്. അനുമതി കൂടാതെ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. അബുദബി വാണിജ്യവികസന വകുപ്പ് ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്യും മുന്‍പ് സ്ഥാപനങ്ങള്‍ പെര്‍മിറ്റ് എടുക്കണം എന്ന് വ്യക്തമാക്കുന്നത്. വാണിജ്യ വികസന വകുപ്പില്‍ നിന്നും ആണ് പെര്‍മിറ്റ് നേടേണ്ടത്. പരസ്യത്തിനായി കരാറില്‍ ഏര്‍പ്പെടും മുന്‍പ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം എന്നും വാണിജ്യ വികസന വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. 2018ല്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ പുറപ്പെടുവിച്ച നിയമപ്രകാരം സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് മീഡിയ ലൈസന്‍സ് നിര്‍ബന്ധമാണ്. പെര്‍മിറ്റ് എടുക്കാതെ സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് പണം നല്‍കി പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും അബുദബി വാണിജ്യ വികസന വകുപ്പ് അറിയിച്ചു. 3,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ആണ് പിഴ ശിക്ഷ. സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികളും സ്വീകരിച്ചേക്കും.