ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ക്ക് എതിരെ ഇനിയും ആക്രമണം ഉണ്ടാകും എന്ന് അമേരിക്ക. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും മേഖലയില്‍ സന്ദര്‍ശനം നടത്തുകയാണ്.
ജോര്‍ദ്ദാനില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി വെള്ളിയാഴ്ച ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങള്‍ക്ക് എതിരെ യു.എസ് പ്രത്യാക്രമണം നടത്തിയിരുന്നു.
ഇറാഖിലും സിറിയയിലും നടത്തുന്ന തിരിച്ചടികള്‍ തുടരും എന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ ആണ് വ്യക്തമാക്കിയത്. തങ്ങളുടെ സൈന്യത്തെ ആക്രമിച്ചാല്‍ ശക്തമായി പ്രതികരിക്കും എന്ന സന്ദേശം ആണ് യു.എസ് ഇതിലൂടെ നല്‍കുന്നതെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു. വെള്ളിയാഴ്ച ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ ആക്രമണം ഒരു തുടക്കം മാത്രമാണ്. എന്നാല്‍ ഇറാനുമായി നേരിട്ട് ഒരു ഏറ്റമുട്ടല്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് അമേരിക്ക താത്പര്യപ്പെടുന്നില്ലെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു. ഇറാനും മറിച്ചൊരു താത്പര്യം ഉണ്ടെന്ന് കരുതില്ലെന്നും ജേക്ക് സുള്ളിവന്‍ പറഞ്ഞു.
ഇറാനോ ഇറാന്‍ പിന്തുണ നല്‍കുന്ന സംഘങ്ങളോ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുന്നതിന് അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന മുന്നറിയിപ്പും ജേക്ക് സുളളിവന്‍ നല്‍കുന്നുണ്ട്. മേഖലയിലെ സംഘര്‍ഷസാഹചര്യം കൂടുതല്‍ ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യ സന്ദര്‍ശിക്കുന്നത്. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കന്റെ അഞ്ചാം സന്ദര്‍ശനം ആണ് ഇത്. ഈജിപിത്‌ലും ഖത്തറിലും ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തുംയ