ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണു പരുക്കേറ്റത്. ശ്രീകണ്ഠാപുരം സ്വദേശിയാണ് ഇവർ. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.
ഷീജ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റോക്കന്റ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാലിനു പരുക്കേറ്റ ഷീജയെ ബെർസാലൈ ആശുപത്രിയിലേക്കും പിന്നീടു ടെൽ അവീവിലെ ആശുപത്രിയിലേക്കും മാറ്റി. ഷീജ ശസ്ത്രക്രിയക്ക് വിധേയയാക്കി.
അതേസമയം രണ്ടു ദിവസമായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരണം ആയിരം കടന്നു. ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രയേലിൽ 600-ലധികം പേർ കൊല്ലപ്പെട്ടപ്പോൾ പലസ്തീനിൽ 370 മരണവും റിപ്പോർട്ട് ചെയ്തു.