ഇസ്രയേല്‍ ഇന്നലെ നടത്തിയത് അതിര്‍ത്തി കടന്നുള്ള ആക്രമണം അല്ലെന്ന് ഇറാന്‍. ഇറാഖില്‍ നിന്നാണ് പരിമിതമായ രീതിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് എന്നും ഇറാന്‍ അവകാശപ്പെടുന്നുണ്ട്.ഇസ്രയേല്‍ രാജ്യാന്തരനിയമങ്ങളുടെ ലംഘനം നടത്തിയെന്നും രക്ഷാസമിതി യോഗം വിളിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു
ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിന് തിരിച്ചടിയായി ശനിയാഴ്ച പുലര്‍ച്ചെ
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കരുതലോട് കൂടിയാണ് ഇറാന്‍
പ്രതികരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തെ ചെറുതാക്കി കാണിക്കുന്നതിനും ആണ് ഇറാന്റെ ശ്രമം.അതിര്‍ത്തി കടന്ന് ഇസ്രയേല്‍ വിമാനങ്ങള്‍ എത്തിയിട്ടില്ലെന്നാണ് ഇറാന്റെ വാദം.രാജ്യത്തേക്ക് പ്രവേശിക്കാതെ ഇസ്രയേല്‍ വിമാനങ്ങളെ പ്രതിരോധിച്ചു.ഇറാഖിലെ അമേരിക്കന്‍ നിയന്ത്രിത വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇറാന്‍ സായുധസേനയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇറാന്റെ മിസൈല്‍ നിര്‍മ്മാണശാല അടക്കം ആക്രമിച്ചെന്നാണ് ഇന്നലെ ഇസ്രയേല്‍ അവകാശപ്പെട്ടത്.എന്നാല്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.ആക്രമണത്തെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും യുദ്ധം മേഖലയിലാകെ വ്യാപിക്കുന്ന തരത്തിലുളള നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഇസ്രയേലിന്റൈ പ്രത്യാക്രമണത്തെ ഇറാന്‍ ചെറുതാക്കി കാട്ടുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.