ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മികച്ച പുരോഗതി ഉണ്ടെന്ന് ഖത്തര്‍. ബന്ദികളുടെ മോചനത്തിനും താത്കാലിക വെടിനിര്‍ത്തലിനും ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതെസമയം ഗാസയിലെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പണം നല്‍കുന്നത് കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു.ഖത്തര്‍ അമേരിക്ക ഈജിപ്ത് എന്നി രാഷ്ട്രങ്ങള്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഡിസംബര്‍ അവസാനം മുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അമേരിക്കയുടെയും ഈജിപ്തിന്റെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്‍മാര്‍ കഴിഞ്ഞ ദിവസം പാരിസീല്‍ യോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്തിരുന്നു.
ഈ ചര്‍ച്ചകളില്‍ മികച്ച പുരോഗതിയുണ്ടെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യക്തമാക്കുന്നത്. ഘട്ടഘട്ടമായുളള വെടിനിര്‍ത്തല്‍ ആണ് ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമ്പോള്‍ ഹമാസ് ബന്ദികളാക്കിയിട്ടുള്ള സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രയേലും വഴിയൊരുക്കും. താത്കാലിക വെടിനിര്‍ത്തല്‍ ക്രമേണ സ്ഥിരമാക്കുന്നതിന് ആണ് ശ്രമം. എന്നാല്‍ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.
ഇതിനിടെ ഗാസയിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള സഹായം ജപ്പാനും ഓസ്ട്രിയയും നിര്‍ത്തിവെച്ചു. അമേരിക്ക അടക്കം പത്തോളം രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന ഇസ്രയേല്‍ ആരോപണത്തെ തുടര്‍ന്നാണ് ഇത്. ഇതെ തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥരെ ഏജന്‍സി പുറത്താക്കിയിരുന്നു.