യുഎഇയില്‍ നിന്നും വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ദിവസം ശ്രദ്ധിച്ചാല്‍ പണം ലാഭിക്കാം എന്ന് പഠനറിപ്പോര്‍ട്ട്. ഞായറാഴ്ച യാത്ര ചെയ്താല്‍ ഇരുപത്തിരണ്ട് ശതമാനം വരെ ലാഭിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ചയോ വെള്ളിയാഴ്ച്ചയോടെ വിമാനയാത്ര നടത്തുന്നതിന് പകരം യാത്ര ഞായറാഴ്ച്ചയാക്കിയാല്‍ പണം ലാഭിക്കാം എന്നാണ് ട്രാവല്‍ ബ്രാന്‍ഡായ എക്‌സ്പീഡിയ പുറത്തിറക്കിയ എയര്‍ഹാക്‌സ് റിപ്പോര്‍ട്ട് പറയുന്നത്.വാരാന്ത്യ അവധി കണക്കാക്കി വിദേശയാത്ര ചെയ്യുന്നവരാണ് പ്രവാസികള്‍.ഇത് യാത്രാച്ചിലവ് വര്‍ദ്ധിപ്പിക്കും.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ദിവസം വളരെ പ്രധാനമാണ്.വെള്ളിയാഴ്ച്ചകളെ അപേക്ഷിച്ച് ഞായറാഴ്ച ടിക്കറ്റ് എടുത്താല്‍ ശരാശരി പതിനാറ് ശതമാനത്തോളം ആയിരിക്കും ലാഭം.വ്യാഴാഴ്ച്ചകളെ അപേക്ഷിച്ച് ഞായറാഴ്ച ഇരുപത്തിരണ്ട് ശതമാനവും കുറവ് ലഭിക്കും.
യാത്രയ്ക്ക് ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 128 മുതല്‍ 138 ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെക്കാള്‍ ഇരുപത്തിയൊന്ന് ശതമാനം വരെ നിരക്ക് കുറവ് ലഭിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കപ്പെടാന്‍ ഏറ്റവും സാധ്യത കുറവുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.