ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.എഴുപതോളം പേര്‍ക്ക് പരുക്കേറ്റു.തിരക്കിനെ തുടര്‍ന്ന് സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
മൗനി അമാവാസി ദിനത്തോട് അനുബന്ധിച്ചുള്ള അമൃത് സ്‌നാനത്തിനിടയില്‍ ആണ് തിക്കുംതിരക്കുമുണ്ടായത്.ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെയാണ് അപകടം.പുലര്‍ച്ചെ രണ്ടരയോടെയാണ് ബാരിക്കേഡുകള്‍ തകര്‍ന്ന് നിരവധി പേര്‍ നിലത്തുവീണത്.ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റി.അപകടത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണം എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.കുംഭമേളയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാമെന്ന് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് വ്യക്തമാക്കി.കുംഭമേളയില്‍ വിശ്വാസികള്‍ മരിച്ചതില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി.സൗകര്യങ്ങളുടെ അപര്യാപ്തതയും വിഐപി സന്ദര്‍ശനങ്ങളും ആണ് അപകടകാരണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.